Tuesday, October 5, 2010

എന്തിരന്‍ അഥവാ എന്തോന്നിരന്‍

ഇന്നലെ ഓഫീസില്‍ നിന്ന് നേരത്തെ വീട്ടില്‍ എത്തി sportscentre കണ്ടു കൊണ്ടിരിക്കുമ്പോ പെട്ടെന്ന് ഒരു ഫോണ്‍ കാള്‍. അങ്ങേ തലക്കല്‍ ഞങ്ങളുടെ സ്വന്തം "തലൈ" (വസന്ത്- oracle basketball/soccer club -ന്റെ എല്ലാമെല്ലാം)
തലൈ: ദിനു, എന്തിരന്‍ പടത്തിന് 2 ടിക്കറ്റ്‌ ഇറുക്കെ ? നീ വരിയാ ?
ഞാന്‍ : എപ്പോ വന്നൂന് കേള് തലൈ .. നാനും ഗട്ടുസ്സോവും വന്തിടര്രെ
തലൈ: സരി, നാങ്കെ prasadz -ഇലെ ഇറുക്കെ , നീ 10 :45 -ക് മുന്നേ വന്ത് സേര്.
ഞാന്‍ : wokay തലൈ

ഉടനെ ഗട്ടുസ്സോയെ വിളിച്ചു. അവന്‍ വീടിന്റെ പടിക്കല്‍ എത്തിയിരുന്നു.. അപ്പൊ സമയം 10 :25 .. ആകെ ഉള്ളത് പ്രൊഫസര്‍ ഇട്ടേച്ചു പോയ പാട്ട yamaha RX 100 (വൈറ്റിലയില്‍ ബ്രേക്ക്‌ പിടിച്ചാല്‍ ഇടപ്പള്ളി jn -ല്‍ പൊയ് നിക്കുന്ന വണ്ടി ) പക്ഷെ അണ്ണന്‍ പടമല്ലേ .. ഒന്നും നോക്കിയില്ല ..വച്ച് പിടിപ്പിച്ചു..വഴിക്ക് ഇടത്തും വലത്തും പോലീസ് ചെക്കിംഗ് .. കണ്ണുമടച്ചു നടുക്കൂടെ വിട്ടു. പോണ വഴിയെ "കിലും കിലും" എന്ന് എന്തോ ശബ്ദം കേട്ടു.. വണ്ടിയില്‍ നിന്ന് എന്തൊക്കെയോ താഴെ പോയതായിരുന്നു .. ഒന്നും മൈണ്ടിയില്ല.. കത്തിച്ചു വിട്ടു ..ഏകദേശം 12 km 15 മിനിട്ടില്‍ എത്തി.. theatre -ല്‍ എത്തിയപ്പോ പടം തുടങ്ങാന്‍ 10 മിനിറ്റ് താമസം ഉണ്ടെന്നു അറിഞ്ഞു .മൊത്തം പാണ്ടി മയം .ഡോര്‍ തുറന്നപ്പോഴേ ഓളം തുടങ്ങി ... കൂവലും കുറുക്കു വിളിയും (എല്ലാം അഭ്യസ്ത വിദ്യരായ software engineers ആണ് ) വസന്തും പുള്ളിടെ സുഹൃത്തും കുടുംബമായിട്ടാണ് വന്നിരുന്നത്.അത് കൊണ്ട് ഞാനും ഗട്ടുസ്സോയും വന്‍ decent.പക്ഷെ അകത്തു കേറാന്‍ q - ല്‍ നിക്കുമ്പോ തന്നെ തലൈ തനി നിറം പുറത്തെടുത്തു.എന്നാല്‍ ഏറ്റവും ഞെട്ടിച്ചത് ജാനകി (മിസ്സിസ് തലൈ ).സീറ്റില്‍ ഇരുന്ന ഉടനെ ഒരു നെടുങ്കന്‍ വിസിലടി(ഗട്ടുസ്സോ പോലും നാണിച്ചു പോയി).നാട്ടില്‍ കാവിലെ ഭരണിക്ക് മനോഹരന്‍ ചേട്ടന്റെ ഷാപ്പില്‍ എത്തിയ ഫീലിംഗ്..

പടത്തിന്റെ titles എഴുതി കാണിച്ചു തുടങ്ങി .. "superstar rajni " എന്ന് എഴുതി കാണിക്കേണ്ട താമസം theatre ഇളകി മറിഞ്ഞു .. തലൈവന്റെ സ്ഥിരം jaango intro ഇല്ല എന്ന് റിവ്യൂ-ല്‍ വായിച്ചിരുന്നു .. അതെ പോലെ തന്നെ വളരെ mild intro ..പക്ഷെ വരണത് തലൈവര്‍ അല്ലെ .. പുള്ളീടെ മുഖം സ്ക്രീനില്‍ തെളിഞ്ഞ ശേഷം ഉള്ള 2-3 മിനിറ്റ് തൃശ്ശൂര്‍ പൂരത്തിന്റെ കൂട്ട പോരിച്ചില്‍ പോലെ ആയിരുന്നു .. കാതടപ്പിക്കുന്ന കരഖോഷം .. ആനാല്‍ പോകെ പോകെ മൊത്തം silent ആയി .. അണ്ണന്‍ പടത്തിന്റെ സ്ഥിരം ഗുമ്മില്ല .. classiest rajnikant പടം എന്ന് റിവ്യൂ-ല്‍ മുന്നറിയിപ്പുണ്ടായിരുന്നു .. പക്ഷെ ഇത്രക്കും പ്രതീക്ഷിച്ചില്ല .. തരിപ്പിക്കുന്ന ഒറ്റ scene പോലും ഇല്ല .. ഒരു 10 മിനിറ്റ് അണ്ണന്‍ തന്റെ വിശ്വരൂപതിന്റെ trailer കാണിച്ചു .. പിന്നെ അവിടെ ഇവിടെ ആയി 3-4 മാടു കാറുകള്‍. chase sequence -ല്‍ ഒരു Merc Convertible -ന്റെ പരിപ്പിളക്കുന്നത് കണ്ടപ്പോ നെഞ്ച് പൊടിഞ്ഞു ..പിന്നെ പ്രതീക്ഷ മൊത്തം ഐശ്വര്യ റായില്‍ ആയിരുന്നു .. ഓളാണെങ്കില്‍ സകല scene -ലും attitude ഉണ്ടാക്കാന്‍ ശ്രെമിച്ചു മനുഷ്യനെ വെറുപ്പിച്ചു. second half -ല്‍ ഷങ്കര്‍ പൊളിച്ചടുക്കി ..ആരോടോ പ്രതികാരം ചെയ്യണ പോലെ ആണ് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കുത്തി നിറച്ചിരിക്കുന്നത് ..ക്ലൈമാക്സില്‍ ഇത് വരെ ഇറങ്ങിയ മിക്ക ഹോളിവുഡ് പടങ്ങളിലൂടെ ഒരു ശയന പ്രദക്ഷിണം നടത്തിയിട്ടുണ്ട്.. മൊത്തത്തില്‍ ഒരു കാര്‍ട്ടൂണ്‍ പടം കണ്ട പ്രതീതി ... വീണ്ടും വീണ്ടും കാണാനുള്ള ഒരു scope -ഉം ഇല്ല എന്ന് മാത്രമല്ല ഓര്‍മ്മിക്കാന്‍ തക്ക ഒറ്റ scene പോലും ഇല്ല. ഇതിലും ഭേദം അണ്ണന്റെ സ്ഥിരം ഫോര്‍മുല പടം ആയിരുന്നു ..പടയപ്പയില്‍ ചങ്ങല ഊഞ്ഞാല്‍ ഷോള്‍ കൊണ്ട് വലിച്ചു താഴെ ഇട്ടു അതില്‍ കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നു "സ്റ്റൈല്‍ കൂടവേ പൊറന്തത് ..എങ്കെയുമേ പോവാത് " എന്ന് പറയുന്ന രംഗം ഇപ്പൊ കണ്ടാലും രോമാഞ്ചം വരും

Monday, July 19, 2010

പ്രൊഫസര്‍ കടിച്ചതും പിടിച്ചതും

പ്രൊഫസര്‍ കുറെ നാളായി ഒരു സിനിമ കണ്ടു മനസിലാക്കാന്‍ ശ്രമിക്കുന്നു. സാധാരണ പുള്ളി ഒരു പടം കാണുമ്പോ ഇടയ്ക്കു എന്തായാലും പടത്തിന്റെ കഥയെയോ ഗതാഗതെയോ പറ്റി എന്തെങ്ങിലും തള്ള് ഉറപ്പാണ്. ഇനി അഥവാ ആശാന്‍ വളരെ നിശബ്ദനാനെങ്കില്‍ ഊഹിച്ചോളണം , പടം മനസിലായിട്ടില്ല . ഇപ്പൊ പുതിയതായി ഇറങ്ങിയ shutter island ആണ് പടം. ആദ്യം ഒരുവട്ടം പുള്ളി കണ്ടു. പക്ഷെ രണ്ടു ദിവസം കഴിഞ്ഞു ഗട്ടുസ്സോ ആ പടം കണ്ടിട്ട് അതിന്റെ "ആ ക്ലൈമാക്സ്‌" ഉഷാറാക്കി എന്ന് പറഞ്ഞു വിശദീകരിച്ചപ്പോഴാണ് പ്രോഫസരിനു കാര്യം കത്തിയത് .. പടം മനസിലായില്ല എന്ന്. അതിന്റെ കാരണവും അവന്‍ തന്നെ കണ്ടു പിടിച്ചു .. sub title ഇല്ലായിരുന്നു. വാശിക്ക് sub title ഒക്കെ വച്ച് ഈ ഞായാറാഴ്ച വീണ്ടും കണ്ടു. കഷ്ട കാലം എന്ന് പറയട്ടെ , അതെ ദിവസം വൈകിട്ട് ആണ് ഞങ്ങള്‍ എല്ലാരും കൂടി inception കാണാന്‍ പോയത്. അപ്പൊ പ്രൊഫസര്‍ കണ്ടു കൊണ്ടിരുന്ന പടം പാതി വഴിക്ക് നിര്‍ത്തി തിയേറ്റര്‍-ലേക്ക് വന്നു. പടം തുടങ്ങി ഒരു 20 മിനിറ്റില്‍ തന്നെ അണ്ണന്റെ ഡപ്പി തെറിച്ചു ..സിനിമ കഴിഞ്ഞപ്പോ സ്വാഭാവികമായി തന്നെ അവനു അത് ഒരു കുന്തോം മനസിലായില്ല എന്നാല്‍ ശരി ഇനി shutter island എങ്കിലും മനസിലാക്കിയിട്ടെ ഉള്ളൂ എന്ന വാശിയില്‍ തിരിച്ചു വന്നു അത് കണ്ടു. പക്ഷെ ഇപ്പൊ അതില്‍ Di Caprio -യെ കാണുമ്പോ മൊത്തം പുള്ളിക്ക് inception ആണ് ഓര്മ വരുന്നത്. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല. രാത്രി ഞങ്ങള്‍ കണ്ട കാഴ്ച . ആശാന്‍ laptop -ല്‍ പടം ഇട്ടിട്ടു അതിന്റെ മുന്നില്‍ "ഇതില്‍ ഏതാണ് കല്ല്‌ ? " എന്നൊരു ഭാവത്തില്‍ ഇരിക്കുന്നതാണ്

Thursday, July 15, 2010

101 -ലെ പ്രസവം

"Cmon Professor..yes..you can do it.. push..just one more..push..we are almost there. dont give up now..push..yes...there we go.."

ഇന്ന് രാവിലെ 7 മണിക്ക് ഈ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി എണീറ്റത് . പ്രൊഫസര്‍ -ന്റെ മുറിയില്‍ നിന്നും ഗട്ടുസ്സോയുടെ ശബ്ദം. ചാടി എണീറ്റു പ്രൊഫസര്‍-ന്റെ മുറിയിലേക്ക് ഓടി. ഞാന്‍ വിചാരിച്ചു അവിടെ ഒരു പ്രസവം നടക്കുകയാണെന്ന്.. എന്നാല്‍ രാവിലെ ഫുട്ബോള്‍ കളിക്കാന്‍ പോവാന്‍ , കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്ന പ്രോഫെസ്സോരിനു ഗട്ടുസോയുടെ വക തുടക്കല്‍ കൊട്ടി പാടി സേവ ആയിരുന്നു അത് .

Sunday, July 11, 2010

Paul എന്ന നീരാളിയും Cruyff എന്ന താ_ _ യും

ഇന്ന് ലോകത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന രണ്ടു പേരാണിവര്‍ . Paul ഫൈനലില്‍ Spain ജയിക്കും എന്ന് പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. ഒരു ഭ്രാന്തന്‍ നീരാളി അല്ലെ അത്. John Paul രണ്ടാമന്‍ മാര്‍ പാപ ഒന്നുമല്ലല്ലോ എന്നായിരുന്നു ആദ്യം കരുതിയത്‌. പക്ഷെ ഇപ്പൊ തോന്നുന്നു ഈ പണ്ടാരം സഹായിച്ചത് കൊണ്ട് മാത്രം ആണ് Spain ജയിച്ചതെന്ന് . Robben -നു കിട്ടിയ ഓപ്പണ്‍ ചാന്‍സ് ഗോള്‍ കീപര്‍ കാലു കൊണ്ട് സേവ് ചെയ്യുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ആ നീരാളിയുടെ വൃത്തികെട്ട നീണ്ട കാലുകളാണ്. ചറപറ മഞ്ഞ കാര്‍ഡുകള്‍ കാണിച്ച Howard Webb -ന്റെ വെട്ടി തിളങ്ങുന്ന തല കണ്ടപ്പോഴും എനിക്ക് അതിന്റെ തല ആണ് മനസ്സില്‍ വന്നത്.

Cruyff -ന്റെ കാര്യം അതിലും കഷ്ടമാണ്. ആ തെണ്ടിയെ കുറിച്ച് വായിച്ചും കളികളുടെ highlights കണ്ടുമാണ്‌ ഞാന്‍ ഒരു Dutch ഫാന്‍ ആയത്. Cruyff Turn -ന്റെ vedio കണ്ടു രോമാഞ്ച പുളകിതനായി ഞാന്‍ മനസ്സില്‍ പ്രതിഷ്ടിച്ചു ആരാധിച്ച മൂര്‍ത്തി. കളിച്ചിരുന്ന കാലത്ത് 20 cigaratte ദിവസേന വലിച്ചിരുന്ന പുള്ളി ഒരു ദിവസം പെട്ടെന്ന് അത് നിര്‍ത്തി കോലുമുട്ടായി നുണയാന്‍ തുടങ്ങി എന്നറിഞ്ഞപ്പോ എന്റെ ഉള്ളിലും പ്രതീക്ഷയുടെ ചെറു കിരണം പൊടിഞ്ഞു. അപ്പൊ എനിക്കും എന്നെങ്കിലും വലി നിര്‍ത്താന്‍ പറ്റും എന്ന് വിശ്വസിച്ചു. എന്റെ കാഴ്ചപ്പാടില്‍ എക്കാലത്തെയും മികച്ച കളിക്കാരന്‍. എനിക്ക് തന്നെ ഇങ്ങനെ ഒക്കെ തോന്നുമ്പോ Holland -കാര്‍ക്ക് പുള്ളി എന്തൊക്കെ ആയിരുന്നു എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എന്നിട്ടാണ് ആ മനുഷ്യന്‍ Holland - Spain വേള്‍ഡ് കപ്പ്‌ ഫൈനലിന്റെ അതെ ദിവസം പ്രഘ്യാപിച്ചത് "എനിക്കിഷ്ടം Spain -ന്റെ ശൈലി" ആണെന്ന്. Holland ആയിട്ട് പുല ബന്ധം പോലുമില്ലാത്ത ഞാന്‍ പോലും ഇവിടെ ടെന്‍ഷന്‍ അടിച്ചു പണ്ടാരം അടങ്ങി നിക്കുമ്പോ ആ കള്ള പന്നി അത് പറഞ്ഞത് ശെരിയാണോ ? ഇന്ത്യ - പാക്കിസ്ഥാന്‍ വേള്‍ഡ് കപ്പ്‌ ഫൈനലിന് മുന്നേ Sachin Tendulkar പാക്കിസ്ഥാന്‍ ജയിക്കണമെന്ന് പറഞ്ഞ എങ്ങനെ ഇരിക്കും ? അതിലും വൃത്തി കേടായി പോയി ഇത്. Yohan Cruyff - രാജ്യ സ്നേഹമില്ലാത്ത കള്ള കടയാടി മോന്‍.

Monday, July 5, 2010

റോക്ക് concert


സഹൃദയരെ ... ആരാധകരുടെ അനുദിനം വര്‍ധിച്ചു വരുന്ന അപേക്ഷ മാനിച്ചു , 101-ലെ പ്രശസ്തമായ സംഗീത സദസ്സിലെ ചില പ്രസക്ത ഭാഗങ്ങള്‍.. ശ്രവണ സുഭഗമായ ശബ്ദ സൌകുമാര്യതാല്‍ എല്ലാവരും അനുഗ്രാഹീതര്‍ ആയതു കൊണ്ട് ചിലപ്പോള്‍ പാറയില്‍ ചിരട്ട ഉരക്കുന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. അത് സ്വാഭാവികംമാത്രം.
കേട്ടിട്ട് യഥാര്‍ത്ഥ പാട്ട് മനസിലാവാന്‍ കുറച്ചു ബുദ്ധിമുട്ടായതിനാല്‍ അത് ഇവിടെ ആദ്യം ചേര്‍ക്കുന്നു

പ്രത്യേക അറിയിപ്പ് - കേള്‍ക്കുന്ന നിങ്ങളുടെയും ചുറ്റും ഉള്ളവരുടെയും ആരോഗ്യം കണക്കിലെടുത്ത് head phone അല്ലെങ്കില്‍ ear phone മാത്രം വച്ച് ഇതെല്ലം കേള്‍ക്കുക. അവസാനം പറഞ്ഞില്ല എന്ന്നുപറയരുത്

പാട്ട് 1 . അല്ലിമലര്‍ കാവില്‍ .. ചിത്രം - മിഥുനം - ഗായകന്‍ - പ്രൊഫസര്‍ .. രാഗം - mansion house



പാട്ട് 2 . ചന്ദന മണിവാതില്‍ ..ചിത്രം - മരിക്കുന്നില്ല ഞാന്‍ .. ഗായകന്‍ - ഞാന്‍ തന്നെ .. രാഗം - McDowells.. humming ഒക്കെ ഇട്ടു പാടിയിരിക്കുന്ന കാരണം സംഗതികള്‍ വരാന്‍ കുറച്ചു സമയം എടുക്കും. ക്ഷമയോടെ കേള്‍ക്കണം





ഇസൈ മാമണി , ഇസൈ ജ്ഞാന ഇളം തെന്റ്രല്‍ ശ്രീ ഗട്ടുസ്സോയടെ vuvuzela കച്ചേരി. (കേള്‍ക്കുന്നതിനു മുന്‍പ് volume ഒരല്പം കുറക്കുന്നത് ഉചിതമായിരിക്കും. അല്ലെങ്കില്‍ ചെവിയുടെ ഒബ്ലോങ്ങട്ട അടിച്ചുപോവും)







Friday, July 2, 2010

Oranje is De Kleur van Gekte

Vincent van Gogh - നു തെറ്റി. ഓറഞ്ച് എനിക്ക് സന്തോഷത്തിന്റെ നിറമാണ്. ഇന്ന് July 2 ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസവും. Holland - Brazil വേള്‍ഡ് കപ്പ്‌ quarter final .രാവിലെ ഉറക്കം ഉണര്‍ന്നു ഇന്നാണ് ആ ദിവസം എന്നോര്‍ത്തപ്പോ ആദ്യം ഉള്ളില്‍ ഒരു ആന്തലായിരുന്നു. ദിവസം മുഴുവനും ഇതായിരുന്നു ചിന്ത. എത്ര തവണ സമയം നോക്കി എന്ന് എനിക്ക് തന്നെ അറിയില്ല... 7 :30 pm .. ആ നിമിഷം മാത്രം ആയിരുന്നു ഉള്ളില്‍... office cafeteria -ല്‍ കളി കാണേണ്ട എന്ന് ആദ്യം കരുതി. അവിടെ ബ്രസീല്‍ fans -ന്റെ ശല്യം ഉറപ്പായിരുന്നു. കളിയുടെ ഇടയില്‍ എന്തെങ്ങിലും പറഞ്ഞു അവര്‍ ചൊറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. office -ല്‍ വച്ച് അങ്ങനെ ഒരു രംഗം വേണ്ട എന്ന് കരുതി. 6 : 30 - നു തന്നെ വീട്ടിലേക്കു പോവാന്‍ ഇറങ്ങി, അപ്പോഴാണ്‌ മാനേജര്‍ പണി തന്നത്. അത് കഴിഞ്ഞപ്പോള്‍ 7 മണി. cafeteria -ല്‍ പോയി നോക്കിയപ്പോള്‍ 2 പേര്‍ ഇരുന്നു wimbledon കാണുന്നു. ടെന്‍ഷന്‍ കുറക്കാന്‍ ഒരു വലി കത്തിക്കാന്‍ പുറത്തു പോയി.തിരിച്ചു വന്നപ്പോല്‍ ആരും ഇല്ല . കളി തുടങ്ങി.അല്‍പ സമയത്തിനുള്ളില്‍ 2 -3 പേര്‍ വന്നു. സമാധാനം ചോറിയന്മാരല്ല. പക്ഷെ 10 - ആം മിനുട്ടില്‍ ബ്രസീല്‍ ഒരു ഗോള്‍ അടിച്ചു. എന്റെ എല്ലാ പ്രതീക്ഷകളും അവിടെ തകര്‍ന്നു . holland തോക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഞാന്‍ തിരിച്ചു cubicle -ല്‍ പോയി.പക്ഷെ പണിയെടുക്കാന്‍ ഒട്ടും മനസ്സുണ്ടായിരുന്നില്ല . bbc -ല്‍ live score കാണില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. ഉള്ളിലെ നിരാശ ഈ ലോകം മുഴുവന്‍ കത്തിക്കാന്‍ ഉള്ള ദേഷ്യമായി തീരുന്നത് ഞാന്‍അറിഞ്ഞു പക്ഷെ ഇതിനിടയിലും "holland ജയിച്ചു" എന്ന് ഗട്ടുസ്സോ ഫോണ്‍ വിളിച്ചു പറയുന്നത് ഞാന്‍ സ്വപ്നം കണ്ടു.....8 :30 വരെ അവിടെ എന്ത് ചെയ്തു എന്ന് ഒരു ഊഹവുമില്ല.

വീണ്ടും ഒരു വലി കത്തിക്കാന്‍ കാപ്പി എടുത്തു പുറത്തു വന്നു. കുറച്ചു നേരം ക്യാമ്പസ്‌നു ചുറ്റും നടന്നു. എല്ലാം മറന്ന 2 -3 ആഴ്ചകള്‍ ആയിരുന്നു പിന്നിട്ടത്. ഒരു ഭ്രാന്തനെ പോലെ വേള്‍ഡ് കപ്പിന്റെയും holland - ന്റെയും പുറകെ പോയത് മറ്റെല്ലാം മറക്കാന്‍ ആയിരുന്നു. വ്രതമായി ഞാന്‍ കൊണ്ട് നടക്കുന്ന പല കാര്യങ്ങളും holland -ന്റെ കാര്യത്തില്‍ ഞാന്‍ മറന്നു പോയി.. മേലെ ഇരുന്നു ഇതെല്ലം കണ്ടു രസിക്കുന്ന കുരുടനെ ഞാന്‍ കൂടുതല്‍ വെറുത്തു. holland തോല്‍ക്കും എന്നോര്‍ത്തപ്പോ.. എല്ലാം ഇവിടം കൊണ്ട് തീരുന്നു എന്നോര്‍ത്തപ്പോ ദേഷ്യവും വെറുപ്പുമായിരുന്നു മനസ്സില്‍ . ഇതെല്ലാം ആലോചിച്ചു തിരിച്ചു office block -ല്‍ എത്തിയത് അറിഞ്ഞില്ല .അപ്പോള്‍ cafeteria - ല്‍ ഒരു ആരവം. അത് അവഗണിച്ചു ലിഫ്റ്റില്‍ കയറാന്‍ തുടങ്ങി പക്ഷെ മനസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല . രണ്ടും കല്‍പ്പിച്ചു cafeteria -ഇലേക്ക് നടന്നു.holland ഗോള്‍ മടക്കിയതിന്റെ ആവേശം ആയിരുന്നു അത്. അവിടെ നിന്ന് പോരാന്‍ തോന്നിയില്ല. പിന്നീട് കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും ടെന്‍ഷന്‍ അടിച്ച 40 മിനിറ്റ് ആയിരുന്നു. holland പതുക്കെ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. ഇടയില്‍ ഒരു കോര്‍ണര്‍. sneijder രണ്ടാം ഗോള്‍ അടിച്ചപ്പോ ഞാന്‍ ചാടി എണീറ്റു. വായില്‍ ആദ്യം വന്നത് മുട്ടന്‍ തെറിയാണ്. അവിടെ ഉള്ളവര്‍ മുഴുവന്‍ ശബ്ദം കേട്ട് എന്നെ നോക്കി. പ്രയോഗം മലയാളത്തില്‍ ആയതു കൊണ്ട് ആര്‍ക്കും മനസിലായില്ല. അത് കഴിഞ്ഞുള്ള ഓരോ നിമിഷവും ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ഒരു ഫുട്ബോള്‍ കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ ആദ്യമായി ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു. cafeteria ല്‍ smoking നിരോധിച്ചവനെ ഉള്ളില്‍ ശപിച്ചു.അവസാനം referee -ടെ ഫൈനല്‍ whistle...ഞാന്‍ പുറത്തേക്കു ഓടി. ആരുടെയോക്കോ ഫോണ്‍ വരുന്നുണ്ടായിരുന്നു. എതിനോക്കെയോ എന്തൊക്കെയോ മറുപടി പറഞ്ഞു. ഇടയ്ക്കു ഉണ്ടാപ്രീയുടെ മെസ്സേജ്. തിരിച്ചു വിളിക്കാന്‍,അവന്റെ പേര് ടൈപ്പ് ചെയ്യാന്‍, കൈ വിറച്ചിട്ടു നന്നേ പണിപ്പെട്ടു. ഏകദേശം 1 മണിക്കൂര്‍ വേണ്ടി വന്നു സമനില വീണ്ടെടുക്കാന്‍. office -ല്‍ നിന്ന് തിരിച്ചു വീട്ടിലേക്കു നടക്കാന്‍ തീരുമാനിച്ചു. മൂളി പാട്ടും പാടി നടന്ന ആ 4 km പിന്നിട്ടത് ഞാന്‍ അറിഞ്ഞില്ല. ഒരു സങ്കടം മാത്രം, ഇറങ്ങാന്‍ വൈകിയത് കാരണം വൈന്‍ സ്പോട്ട് അടച്ചു. പക്ഷെ വീട്ടില്‍ എത്തിയപ്പോള്‍ പ്രൊഫസര്‍ഒരു MH വാങ്ങി എനിക്കായി കാത്തിരിക്കുന്നു .. വളരെ നാളുകള്‍ക്കു ശേഷം അപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.

Tuesday, June 29, 2010

പ്രൊഫസര്‍

എല്ലാം അറിയുന്നവന്‍ അവന്‍, പ്രൊഫസര്‍. പ്രോഫസ്സറിനു ഒന്നും പിഴക്കാറില്ല. ഇനി അഥവാ തിരുവചനങ്ങള്‍ക്ക് വിരുദ്ധമായി wiki -ലോ google -ലോ എന്തെങ്ങിലും കണ്ടാല്‍ അത് അവര്‍ക്ക് തെറ്റിയതാണ്. site -ല്‍ "chocolate brown " complexion ഇല്ല എന്ന് പറഞ്ഞു kerala matrimony -കെതിരെ കേസ് കൊടുക്കാന്‍ തുനിഞ്ഞ മഹാന്‍. ചരിത്രത്തില്‍ ആദ്യമായി ladies hostel -ല്‍ പോയി പെണ്ണ് കണ്ട യുവ കോമളന്‍. ദളപതി പടം കണ്ടിട്ട് മൂക്ക് പിഴിഞ്ഞ് കരഞ്ഞ ലോലഹൃദയന്‍. ഷാമ്പൂ ആണെന്ന് കരുതി conditioner ഒരു മാസത്തോളം പ്രൊഫസര്‍ ഉപയോഗിച്ചപ്പോഴും , അത് garnier company -ക് പുതിയ പരസ്യമായി മാറി. പരിപൂര്‍ണനായാല്‍ ഇവന്‍ തനിക്കൊരു എതിരാളി ആവുമോ എന്ന് ഭയന്ന് ദൈവം പക്ഷെ ഒരു പണി കൊടുത്തു. പുള്ളിയുടെ ചെവി അല്പം പതുക്കെ ആക്കി. എന്നാല്‍ ജീവന്‍ പോയാലും പ്രൊഫസര്‍ ആ കുറവ് സമ്മതിച്ചു തരില്ല. ഒടുക്കത്തെ ഏകാഗ്രത കാരണം പരിസര ബോധം കുറഞ്ഞു പോവുന്നു എന്നാണു പുള്ളിയുടെ ന്യായീകരണം.ക്ഷത്രിയ കുല ജാതനാനെന്നും തച്ചോളി ഒതേനന്റെ പിന്മുറക്കാരന്‍ ആണെന്നുമാണ് അവകാശവാദം. അതിനെ സാധൂകരിക്കുന്ന ആകാരവടിവും. subtitle -കള്‍ download ചെയ്തു മാത്രമേ പുള്ളി ഇംഗ്ലീഷ് സിനിമ കാണാറുള്ളൂ . ഡയലോഗുകള്‍ടെ ആഴത്തില്‍ ഉള്ള അര്‍ഥം മനസിലാക്കാനാണത്രെ അത്. അത് കൊണ്ട് എല്ലാ പടവും അദ്ദേഹം 2 തവണ കാണും. ആദ്യം subtitle വായിക്കാന്‍ മാത്രമേ സമയമുള്ളൂ. രണ്ടാമത് കാണുമ്പോ ശെരിക്കും കാണും.വന്നു വന്നു ഇപ്പൊ മലയാളം പടം പോലും ഇംഗ്ലീഷ് subtitle ഇല്ലാതെ ആശാന് മനസിലാവാറില്ല. ഇപ്പോള്‍ കുറച്ചു നാളായി വേള്‍ഡ് കപ്പ്‌ മത്സരങ്ങളില്‍ മുഴുകി ഇരിക്കുവാണ്. പുള്ളി ആരുടെ ആരാധകന്‍ ആണെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാവും.


ഉടന്‍ പ്രതീക്ഷിക്കുക, "പ്രൊഫസര്‍-ന്റെ തള്ളുകള്‍"

101 -ലെ ദൈവം

ഫ്ലാറ്റ് 101 -ലെ അന്തേവാസികള്‍ക്ക് ജാതിയും മതവും പലതാണെങ്കിലും ദൈവം ഒന്നേ ഉളളൂ. സാക്ഷാല്‍ ലാലേട്ടന്‍ (പല വിശേഷണങ്ങളും മറ്റു ആരാധകര്‍ കൊടുതിട്ടുന്ടെങ്ങിലും ഞങ്ങള്‍ക്ക് അദ്ദേഹം ലാലേട്ടന്‍ മാത്രം. ഞങ്ങളുടെ സ്വന്തം ലാലേട്ടന്‍). ലാലേട്ടന്റെ പുതിയ പടം ഇറങ്ങുന്ന വെള്ളിയാഴ്ചകളില്‍ മാത്രം ആണ് ഞങ്ങള്‍ എല്ലാരും 10 മണിക്ക് മുന്‍പേ ഉറക്കം ഉണരുന്നത്.പടത്തിന്റെ റിവ്യൂ അറിയാന്‍. ആദ്യം വിവരം കിട്ടുന്ന ആള്‍ ഉടനെ തന്നെ മറ്റുള്ളവരെ ഫോണ്‍ വിളിക്കുകയോ അല്ലെങ്കില്‍ gtalk -ല്‍ status ഇടുകയോ ചെയ്യണം. മിക്കപ്പോഴും ആദ്യത്തെ റിവ്യൂ കിട്ടുന്നത് നാട്ടിലെ സഹ ലാലേട്ടന്‍ ഫാന്‍സ്‌-ന്റെ പക്കല്‍ നിന്നാവും. അന്ന് രാത്രി വീട്ടില്‍ എത്തിയാല്‍ പിന്നെ പടത്തിനെ കുറിച്ച് കേട്ടറിഞ്ഞ സകല വിവരങ്ങളും വച്ച് വിശദമായ ചര്‍ച്ച . പടം എങ്ങനെ ? initial മാത്രമേ ഉണ്ടാവുക ഉള്ളോ ? അതോ പടം ക്ലിക്ക് ആവുമോ ? പടം നന്നായി ഓടുന്നു എന്നറിഞ്ഞാല്‍ മാത്രമേ സമാധാനം ഉളളൂ. ലാലേട്ടന്റെ ഒരു വര്‍ഷത്തെ സകല പടങ്ങളുടെയും എല്ലാ വിവരവും ഞങ്ങള്‍ക്ക് കാണാപ്പാഠം ആണ്. ഒരു പടം പൊളിഞ്ഞു എന്നറിഞ്ഞാല്‍ അന്ന് രാത്രി ദുഖാച്ചരണത്തിന്റെ ഭാഗമായി കിലുക്കമോ ചിത്രമോ ഒന്നൂടെ കാണണം. ഒരു പടത്തിന്റെ ആവേശം അടങ്ങിയാല്‍ പിന്നെ അടുത്ത പടത്തിന്റെ കാത്തിരിപ്പായി. tv - ല്‍ രാവിലെ ലാലേട്ടന്റെ ഏതെങ്കിലും പടം ഉണ്ടെങ്കില്‍ പിന്നെ അതൊരു തീരുമാനം ആക്കിയിട്ടെ മിക്കപ്പോഴും ഓഫീസില്‍ പോകാറുള്ളൂ .

ഞങ്ങളുടെ ഒരു ബ്രാഞ്ച് ബാംഗ്ലൂര്‍-ലും ഉണ്ട്. അവിടെ വാസിക്ക ആണ് എല്ലാത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത്‌. കഴിഞ്ഞ തവണ ബാംഗ്ലൂര്‍-ല്‍ എല്ലാവരും ഒത്തു കൂടിയപ്പോള്‍ ഞങ്ങളുടെ ഇടയിലെ മറ്റു ചില താര(തറ) ആരാധകര്‍ ഒരു വാഗ്വാദത്തിനു മുതിര്‍ന്നെങ്കിലും ഞാനും വാസിക്കയും ചേര്‍ന്ന് അത് മുളയിലെ അങ്ങ് നുള്ളി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി ലാലേട്ടന്റെ ഹിറ്റ്‌ പടങ്ങള്‍ ഒന്നും ഇല്ലാത്തത് കാരണം ആകെ ഒരു മ്ലാനത. എല്ലാ പ്രതീക്ഷയും ഇനി "ശികാറില്‍" അര്‍പ്പിച്ചു ഞങ്ങള്‍ കാത്തിരിക്കുന്നു. മറ്റൊരു വെള്ളിയാഴ്ച ഉത്സവമാക്കനായി...

Sunday, June 20, 2010

ഗട്ടുസ്സോയുടെ കടുംകൈ

ഗട്ടുസ്സോയ്ക്ക് കല്യാണ പ്രായം ആയതോടെ അവന്റെ വീട്ടുകാര്‍ക്ക് വല്ലാത്ത ടെന്‍ഷന്‍. ദിവസേന കൂടി കൂടി വരുന്ന അവന്റെ തടിയെ കുറിച്ചോര്‍ത്തു. സമപ്രായക്കാര്‍ "6 packs " ഉണ്ടാക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ഗട്ടുസ്സോ ഒരു "6 months pack " - ന്റെ അഭിമാന ഉടമ ആയിരുന്നു.വീട്ടുകാരുടെ നിര്‍ബന്ധം കാരണം തടി കുറയ്ക്കാനായി പല കടുംകൈകളും ചെയ്തു നോക്കി. അങ്ങനെ ആണ് അത് skipping -ല്‍ എത്തിയത് . ഒരു plastic skipping rope ഒക്കെ വാങ്ങി ആര്‍ഭാടമായിട്ടു തന്നെ പുള്ളി തുടങ്ങി . ആദ്യമൊക്കെ ഈ കസര്‍ത്തിന്റെ ഒച്ചയും ബഹളവും കേട്ട് ഉറക്കം ഉണര്‍ന്നിരുന്ന ഞങ്ങള്‍ക്ക് ആ കാഴ്ച ഒരു ഉഗ്രന്‍ കണി ആയിരുന്നു . പക്ഷെ 1-2 ആഴ്ച കഴിഞ്ഞിട്ടും, തെറ്റാതെ ഒരു 5 second സ്കിപ് ചെയ്യാന്‍ എങ്ങനെ അവനു കഴിയുന്നില്ല എന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെട്ടു . പിന്നെ ഉപേക്ഷിച്ചു. പക്ഷെ ഗട്ടുസ്സോ തളര്‍ന്നില്ല. എന്നും രാവിലെ ഇത് തുടര്‍ന്ന് പോന്നു.

ഒരു ദിവസം രാവിലെ അവന്‍ അല്പം നേരത്തെ (8 am) എണീറ്റ്‌ കലാപരിപാടി തുടങ്ങി. ആ സമയത്താണ് ഞങ്ങളുടെ ഫ്ലാറ്റ് ഭരിക്കുന്ന ലക്ഷ്മി ബായിയുടെ മോള്‍ വീട് വൃത്തിയാക്കാന്‍ വന്നത്. കുട്ടി ആദ്യം അവന്റെ ചവിട്ടു നാടകം കണ്ടു ഒന്ന് പേടിച്ചു. ഇത് കഴിഞ്ഞിട്ടാവാം പണി എന്ന് കരുതി അടുക്കളയില്‍ പോയി നിന്നു കുറച്ചു നേരം ആ circus കണ്ടു. പക്ഷെ ചെറിയ കുട്ടിയാണെങ്കിലും അതിന്റെ ക്ഷമക്കും ഇല്ലേ ഒരു അതിര്. അവസാനം നേരെ വന്നു അവനോടു skipping rope തരാന്‍ ആന്ഗ്യം കാണിച്ചു. എന്നിട്ട് നല്ല കലക്കനായി കുറച്ചു നേരം സ്കിപ് ചെയ്തു കാണിച്ചു കൊടുത്തു. പിന്നെ rope തിരികെ കൊടുത്തു ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.

ആ കുട്ടിക്ക് മലയാളം അറിയാതിരുന്നത്‌ ഗട്ടുസ്സോയുടെ ഭാഗ്യം.

Wednesday, June 16, 2010

ഒരു കഥയുടെ ദുരന്തം

ഈ കഥയിലെ കേന്ദ്ര കഥാപാത്രം മറ്റാരുമല്ല, ഞാന്‍ തന്നെ. ഒരു വെള്ളിയാഴ്ച ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോ പെട്ടെന്നൊരു ഉള്‍വിളി. ഒരു കഥ എഴുതണം. രണ്ടാമതൊന്നു ആലോചിച്ചില്ല, പേനയും കടലാസും സങ്കടിപ്പിച്ചു . പണ്ട് പഠിച്ച ഉപമയും ഉല്പ്രേക്ഷയും ഒക്കെ പൊടി തട്ടി എടുത്തു. എം.ടി -യെയും ഓ.വി - യെയും ഒക്കെ ഒരു നിമിഷം മനസ്സില്‍ ധ്യാനിച്ചു. വായിച്ച മലയാളം കൊച്ചു പുസ്തകങ്ങളിലെ എക്കാലവും ഓര്‍മയില്‍ നിക്കുന്ന ഇക്കിളി സാഹിത്യം മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ചു. എന്തായാലും, ഷാജി കൈലാസ് പടങ്ങളിലെ camera movements - നെ വെല്ലുന്നതാവണം കഥാ ഗതി എന്ന് ഉറപ്പിച്ചു. വായിക്കുന്നവന് തലവേദന ഉണ്ടാവണം. ആ ഒറ്റ ലക്‌ഷ്യം മാത്രം.

കഥ തുടങ്ങി. പിന്നെ അങ്ങോട്ട്‌ ഒരു ഒഴുക്കായിരുന്നു. കഥാപാത്രങ്ങള്‍ക്കൊപ്പം ഞാനും ചിരിച്ചു; കരഞ്ഞു. ഇരുന്നും കിടന്നും കമഴ്ന്നും ഒക്കെ എഴുതി. കുറച്ചു നേരം ആലോചിച്ചു കിട്ടിയ ഒരു ഉപമയുടെ മേന്മ ഓര്‍ത്തു മനസ്സില്‍ ചെറു പുച്ച്ഹത്തോടെ പറഞ്ഞു , "ആരോടാ കളി ... പിന്നല്ലാ ". കഥയുടെ ഞെട്ടിക്കുന്ന climax വായിച്ചിട്ട് സഹ മുറിയന്മാരായ ഗട്ടുസോയും പ്രോഫെസ്സോറും ഒക്കെ "മോനെ !!! നീ പുലി .. ഇത് തകര്‍ത്തു... പൊളിച്ചു " എന്നൊക്കെ അഭിനന്ദിക്കുന്നതു ഓര്‍ത്തു മനസ്സില്‍ അഹങ്കരിച്ചു.

climax - ലേക്ക് കടക്കുന്നതിനു മുന്‍പേ മലയാളം മുന്‍ഷി ഗട്ടുസ്സോയ്ക്ക് ഒന്ന് വായിക്കാന്‍ കൊടുക്കാം എന്ന് കരുതി. ഇത് വരെ എഴുതിയത് എങ്ങനെ ഉണ്ട് എന്നറിയാന്‍. അവന്‍ വായിക്കുന്ന നേരത്ത് labor room -ന്റെ മുന്നില്‍ നിക്കുന്ന ഒരു ഭര്‍ത്താവിന്റെ നിസ്സഹായതയും ടെന്‍ഷനും ഒക്കെ ഞാന്‍ അനുഭവിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞ അവന്‍ , "കഥ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചാടി കളിക്കുന്നണ്ടല്ലോ...". എന്ന് പറഞ്ഞപ്പോ, "ഏറ്റൂ, കഥ ഏറ്റൂ" എന്ന് ഞാന്‍ ഉള്ളില്‍ പറഞ്ഞു. പക്ഷെ കഥ വായിച്ചു തീര്‍ന്ന ഗട്ടുസ്സോ ഒട്ടും ആലോചിക്കാതെ പറഞ്ഞു "ഇത് കുച്ച് കുച്ച് ഹോതാ ഹേ ആണല്ലോ.. ഡയലോഗ് ഒക്കെ അതെ പോലെ തന്നെ ".

ഠിം ... ഒറ്റ നിമിഷം കൊണ്ട് എന്റെ കഥാ രചനയുടെ വെടി തീര്‍ന്നു.

വാല്‍കഷ്ണം : കഥ എഴുതി കൊണ്ടിരിക്കുമ്പോള്‍ ആ ഹിന്ദി പടം എന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ആണയിടുന്നു. പക്ഷെ ഗട്ടുസ്സോ പറഞ്ഞതിനുശേഷം ആലോചിച്ചു നോക്കിയപ്പോള്‍ എനിക്ക് മനസിലായി. ഞാന്‍ അറിയാതെ എപ്പോഴോ , ആ പടം അതില്‍ കടന്നു കൂടി എന്ന്.

Tuesday, June 15, 2010

'ശ'കാരം

ഇതിലെ നായകന് മലയാളത്തിലെ "സ" വഴങ്ങില്ല. "സ", "ഷ" എല്ലാം പുള്ളിക്ക് 'ശ'കാരം ആണ്. പക്ഷെ അതിന്റെ അഹങ്കാരം ഒട്ടും കുറവില്ലതാനും. ഒരിക്കല്‍ ഞങ്ങള്‍ സംഘം ചേര്‍ന്ന് ഇദ്ദേഹത്തെ വളഞ്ഞു

ഞങ്ങള്‍ : നീ "മസ്തിഷ്ക ശസ്ത്രക്രിയ" എന്ന് വ്യക്തമായി പറഞ്ഞാല്‍ ഇനി ഞങ്ങള്‍ നിന്നെ ചൊറിയില്ല

അദ്ദേഹം : അങ്ങനെ എന്നെ പറ്റിക്കാം നോക്കേണ്ട മോനെ ...ഇത് പറഞ്ഞാല്‍ പോരേ ... "ബ്രെയിന്‍ ശര്ജരി"

തെലുങ്ക് പടം

കഴിഞ ശനിയാഴ്ച ഞാന്‍ ഉറക്കമുണര്‍ന്നത്‌ ഉണ്ടാപ്രിയുടെ call കിട്ടിയിട്ടാണ്.

ഉണ്ട : എടാ, ഇന്നത്തെ ഹിന്ദുവിന്റെ suppliment നോക്കി hitec theatre -ഇല്‍ ഏതാണ് പടം എന്ന് നോക്കിയേ ?

ഞാന്‍: (പത്രം നോക്കിയിട്ട്) ഏതോ ഒരു തെലുങ്ക് പടം ആണളിയ

ഉണ്ട: അത് എനിക്ക് അറിയാം. ഞാന്‍ ആ പടം ഇപ്പൊ കണ്ടു കൊണ്ടിരിക്കുവാ. അതിന്റെ പേര് അറിയാനാ നിന്നെ വിളിച്ചത്...