Tuesday, June 29, 2010

പ്രൊഫസര്‍

എല്ലാം അറിയുന്നവന്‍ അവന്‍, പ്രൊഫസര്‍. പ്രോഫസ്സറിനു ഒന്നും പിഴക്കാറില്ല. ഇനി അഥവാ തിരുവചനങ്ങള്‍ക്ക് വിരുദ്ധമായി wiki -ലോ google -ലോ എന്തെങ്ങിലും കണ്ടാല്‍ അത് അവര്‍ക്ക് തെറ്റിയതാണ്. site -ല്‍ "chocolate brown " complexion ഇല്ല എന്ന് പറഞ്ഞു kerala matrimony -കെതിരെ കേസ് കൊടുക്കാന്‍ തുനിഞ്ഞ മഹാന്‍. ചരിത്രത്തില്‍ ആദ്യമായി ladies hostel -ല്‍ പോയി പെണ്ണ് കണ്ട യുവ കോമളന്‍. ദളപതി പടം കണ്ടിട്ട് മൂക്ക് പിഴിഞ്ഞ് കരഞ്ഞ ലോലഹൃദയന്‍. ഷാമ്പൂ ആണെന്ന് കരുതി conditioner ഒരു മാസത്തോളം പ്രൊഫസര്‍ ഉപയോഗിച്ചപ്പോഴും , അത് garnier company -ക് പുതിയ പരസ്യമായി മാറി. പരിപൂര്‍ണനായാല്‍ ഇവന്‍ തനിക്കൊരു എതിരാളി ആവുമോ എന്ന് ഭയന്ന് ദൈവം പക്ഷെ ഒരു പണി കൊടുത്തു. പുള്ളിയുടെ ചെവി അല്പം പതുക്കെ ആക്കി. എന്നാല്‍ ജീവന്‍ പോയാലും പ്രൊഫസര്‍ ആ കുറവ് സമ്മതിച്ചു തരില്ല. ഒടുക്കത്തെ ഏകാഗ്രത കാരണം പരിസര ബോധം കുറഞ്ഞു പോവുന്നു എന്നാണു പുള്ളിയുടെ ന്യായീകരണം.ക്ഷത്രിയ കുല ജാതനാനെന്നും തച്ചോളി ഒതേനന്റെ പിന്മുറക്കാരന്‍ ആണെന്നുമാണ് അവകാശവാദം. അതിനെ സാധൂകരിക്കുന്ന ആകാരവടിവും. subtitle -കള്‍ download ചെയ്തു മാത്രമേ പുള്ളി ഇംഗ്ലീഷ് സിനിമ കാണാറുള്ളൂ . ഡയലോഗുകള്‍ടെ ആഴത്തില്‍ ഉള്ള അര്‍ഥം മനസിലാക്കാനാണത്രെ അത്. അത് കൊണ്ട് എല്ലാ പടവും അദ്ദേഹം 2 തവണ കാണും. ആദ്യം subtitle വായിക്കാന്‍ മാത്രമേ സമയമുള്ളൂ. രണ്ടാമത് കാണുമ്പോ ശെരിക്കും കാണും.വന്നു വന്നു ഇപ്പൊ മലയാളം പടം പോലും ഇംഗ്ലീഷ് subtitle ഇല്ലാതെ ആശാന് മനസിലാവാറില്ല. ഇപ്പോള്‍ കുറച്ചു നാളായി വേള്‍ഡ് കപ്പ്‌ മത്സരങ്ങളില്‍ മുഴുകി ഇരിക്കുവാണ്. പുള്ളി ആരുടെ ആരാധകന്‍ ആണെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാവും.


ഉടന്‍ പ്രതീക്ഷിക്കുക, "പ്രൊഫസര്‍-ന്റെ തള്ളുകള്‍"

101 -ലെ ദൈവം

ഫ്ലാറ്റ് 101 -ലെ അന്തേവാസികള്‍ക്ക് ജാതിയും മതവും പലതാണെങ്കിലും ദൈവം ഒന്നേ ഉളളൂ. സാക്ഷാല്‍ ലാലേട്ടന്‍ (പല വിശേഷണങ്ങളും മറ്റു ആരാധകര്‍ കൊടുതിട്ടുന്ടെങ്ങിലും ഞങ്ങള്‍ക്ക് അദ്ദേഹം ലാലേട്ടന്‍ മാത്രം. ഞങ്ങളുടെ സ്വന്തം ലാലേട്ടന്‍). ലാലേട്ടന്റെ പുതിയ പടം ഇറങ്ങുന്ന വെള്ളിയാഴ്ചകളില്‍ മാത്രം ആണ് ഞങ്ങള്‍ എല്ലാരും 10 മണിക്ക് മുന്‍പേ ഉറക്കം ഉണരുന്നത്.പടത്തിന്റെ റിവ്യൂ അറിയാന്‍. ആദ്യം വിവരം കിട്ടുന്ന ആള്‍ ഉടനെ തന്നെ മറ്റുള്ളവരെ ഫോണ്‍ വിളിക്കുകയോ അല്ലെങ്കില്‍ gtalk -ല്‍ status ഇടുകയോ ചെയ്യണം. മിക്കപ്പോഴും ആദ്യത്തെ റിവ്യൂ കിട്ടുന്നത് നാട്ടിലെ സഹ ലാലേട്ടന്‍ ഫാന്‍സ്‌-ന്റെ പക്കല്‍ നിന്നാവും. അന്ന് രാത്രി വീട്ടില്‍ എത്തിയാല്‍ പിന്നെ പടത്തിനെ കുറിച്ച് കേട്ടറിഞ്ഞ സകല വിവരങ്ങളും വച്ച് വിശദമായ ചര്‍ച്ച . പടം എങ്ങനെ ? initial മാത്രമേ ഉണ്ടാവുക ഉള്ളോ ? അതോ പടം ക്ലിക്ക് ആവുമോ ? പടം നന്നായി ഓടുന്നു എന്നറിഞ്ഞാല്‍ മാത്രമേ സമാധാനം ഉളളൂ. ലാലേട്ടന്റെ ഒരു വര്‍ഷത്തെ സകല പടങ്ങളുടെയും എല്ലാ വിവരവും ഞങ്ങള്‍ക്ക് കാണാപ്പാഠം ആണ്. ഒരു പടം പൊളിഞ്ഞു എന്നറിഞ്ഞാല്‍ അന്ന് രാത്രി ദുഖാച്ചരണത്തിന്റെ ഭാഗമായി കിലുക്കമോ ചിത്രമോ ഒന്നൂടെ കാണണം. ഒരു പടത്തിന്റെ ആവേശം അടങ്ങിയാല്‍ പിന്നെ അടുത്ത പടത്തിന്റെ കാത്തിരിപ്പായി. tv - ല്‍ രാവിലെ ലാലേട്ടന്റെ ഏതെങ്കിലും പടം ഉണ്ടെങ്കില്‍ പിന്നെ അതൊരു തീരുമാനം ആക്കിയിട്ടെ മിക്കപ്പോഴും ഓഫീസില്‍ പോകാറുള്ളൂ .

ഞങ്ങളുടെ ഒരു ബ്രാഞ്ച് ബാംഗ്ലൂര്‍-ലും ഉണ്ട്. അവിടെ വാസിക്ക ആണ് എല്ലാത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത്‌. കഴിഞ്ഞ തവണ ബാംഗ്ലൂര്‍-ല്‍ എല്ലാവരും ഒത്തു കൂടിയപ്പോള്‍ ഞങ്ങളുടെ ഇടയിലെ മറ്റു ചില താര(തറ) ആരാധകര്‍ ഒരു വാഗ്വാദത്തിനു മുതിര്‍ന്നെങ്കിലും ഞാനും വാസിക്കയും ചേര്‍ന്ന് അത് മുളയിലെ അങ്ങ് നുള്ളി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി ലാലേട്ടന്റെ ഹിറ്റ്‌ പടങ്ങള്‍ ഒന്നും ഇല്ലാത്തത് കാരണം ആകെ ഒരു മ്ലാനത. എല്ലാ പ്രതീക്ഷയും ഇനി "ശികാറില്‍" അര്‍പ്പിച്ചു ഞങ്ങള്‍ കാത്തിരിക്കുന്നു. മറ്റൊരു വെള്ളിയാഴ്ച ഉത്സവമാക്കനായി...

Sunday, June 20, 2010

ഗട്ടുസ്സോയുടെ കടുംകൈ

ഗട്ടുസ്സോയ്ക്ക് കല്യാണ പ്രായം ആയതോടെ അവന്റെ വീട്ടുകാര്‍ക്ക് വല്ലാത്ത ടെന്‍ഷന്‍. ദിവസേന കൂടി കൂടി വരുന്ന അവന്റെ തടിയെ കുറിച്ചോര്‍ത്തു. സമപ്രായക്കാര്‍ "6 packs " ഉണ്ടാക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ഗട്ടുസ്സോ ഒരു "6 months pack " - ന്റെ അഭിമാന ഉടമ ആയിരുന്നു.വീട്ടുകാരുടെ നിര്‍ബന്ധം കാരണം തടി കുറയ്ക്കാനായി പല കടുംകൈകളും ചെയ്തു നോക്കി. അങ്ങനെ ആണ് അത് skipping -ല്‍ എത്തിയത് . ഒരു plastic skipping rope ഒക്കെ വാങ്ങി ആര്‍ഭാടമായിട്ടു തന്നെ പുള്ളി തുടങ്ങി . ആദ്യമൊക്കെ ഈ കസര്‍ത്തിന്റെ ഒച്ചയും ബഹളവും കേട്ട് ഉറക്കം ഉണര്‍ന്നിരുന്ന ഞങ്ങള്‍ക്ക് ആ കാഴ്ച ഒരു ഉഗ്രന്‍ കണി ആയിരുന്നു . പക്ഷെ 1-2 ആഴ്ച കഴിഞ്ഞിട്ടും, തെറ്റാതെ ഒരു 5 second സ്കിപ് ചെയ്യാന്‍ എങ്ങനെ അവനു കഴിയുന്നില്ല എന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെട്ടു . പിന്നെ ഉപേക്ഷിച്ചു. പക്ഷെ ഗട്ടുസ്സോ തളര്‍ന്നില്ല. എന്നും രാവിലെ ഇത് തുടര്‍ന്ന് പോന്നു.

ഒരു ദിവസം രാവിലെ അവന്‍ അല്പം നേരത്തെ (8 am) എണീറ്റ്‌ കലാപരിപാടി തുടങ്ങി. ആ സമയത്താണ് ഞങ്ങളുടെ ഫ്ലാറ്റ് ഭരിക്കുന്ന ലക്ഷ്മി ബായിയുടെ മോള്‍ വീട് വൃത്തിയാക്കാന്‍ വന്നത്. കുട്ടി ആദ്യം അവന്റെ ചവിട്ടു നാടകം കണ്ടു ഒന്ന് പേടിച്ചു. ഇത് കഴിഞ്ഞിട്ടാവാം പണി എന്ന് കരുതി അടുക്കളയില്‍ പോയി നിന്നു കുറച്ചു നേരം ആ circus കണ്ടു. പക്ഷെ ചെറിയ കുട്ടിയാണെങ്കിലും അതിന്റെ ക്ഷമക്കും ഇല്ലേ ഒരു അതിര്. അവസാനം നേരെ വന്നു അവനോടു skipping rope തരാന്‍ ആന്ഗ്യം കാണിച്ചു. എന്നിട്ട് നല്ല കലക്കനായി കുറച്ചു നേരം സ്കിപ് ചെയ്തു കാണിച്ചു കൊടുത്തു. പിന്നെ rope തിരികെ കൊടുത്തു ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.

ആ കുട്ടിക്ക് മലയാളം അറിയാതിരുന്നത്‌ ഗട്ടുസ്സോയുടെ ഭാഗ്യം.

Wednesday, June 16, 2010

ഒരു കഥയുടെ ദുരന്തം

ഈ കഥയിലെ കേന്ദ്ര കഥാപാത്രം മറ്റാരുമല്ല, ഞാന്‍ തന്നെ. ഒരു വെള്ളിയാഴ്ച ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോ പെട്ടെന്നൊരു ഉള്‍വിളി. ഒരു കഥ എഴുതണം. രണ്ടാമതൊന്നു ആലോചിച്ചില്ല, പേനയും കടലാസും സങ്കടിപ്പിച്ചു . പണ്ട് പഠിച്ച ഉപമയും ഉല്പ്രേക്ഷയും ഒക്കെ പൊടി തട്ടി എടുത്തു. എം.ടി -യെയും ഓ.വി - യെയും ഒക്കെ ഒരു നിമിഷം മനസ്സില്‍ ധ്യാനിച്ചു. വായിച്ച മലയാളം കൊച്ചു പുസ്തകങ്ങളിലെ എക്കാലവും ഓര്‍മയില്‍ നിക്കുന്ന ഇക്കിളി സാഹിത്യം മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ചു. എന്തായാലും, ഷാജി കൈലാസ് പടങ്ങളിലെ camera movements - നെ വെല്ലുന്നതാവണം കഥാ ഗതി എന്ന് ഉറപ്പിച്ചു. വായിക്കുന്നവന് തലവേദന ഉണ്ടാവണം. ആ ഒറ്റ ലക്‌ഷ്യം മാത്രം.

കഥ തുടങ്ങി. പിന്നെ അങ്ങോട്ട്‌ ഒരു ഒഴുക്കായിരുന്നു. കഥാപാത്രങ്ങള്‍ക്കൊപ്പം ഞാനും ചിരിച്ചു; കരഞ്ഞു. ഇരുന്നും കിടന്നും കമഴ്ന്നും ഒക്കെ എഴുതി. കുറച്ചു നേരം ആലോചിച്ചു കിട്ടിയ ഒരു ഉപമയുടെ മേന്മ ഓര്‍ത്തു മനസ്സില്‍ ചെറു പുച്ച്ഹത്തോടെ പറഞ്ഞു , "ആരോടാ കളി ... പിന്നല്ലാ ". കഥയുടെ ഞെട്ടിക്കുന്ന climax വായിച്ചിട്ട് സഹ മുറിയന്മാരായ ഗട്ടുസോയും പ്രോഫെസ്സോറും ഒക്കെ "മോനെ !!! നീ പുലി .. ഇത് തകര്‍ത്തു... പൊളിച്ചു " എന്നൊക്കെ അഭിനന്ദിക്കുന്നതു ഓര്‍ത്തു മനസ്സില്‍ അഹങ്കരിച്ചു.

climax - ലേക്ക് കടക്കുന്നതിനു മുന്‍പേ മലയാളം മുന്‍ഷി ഗട്ടുസ്സോയ്ക്ക് ഒന്ന് വായിക്കാന്‍ കൊടുക്കാം എന്ന് കരുതി. ഇത് വരെ എഴുതിയത് എങ്ങനെ ഉണ്ട് എന്നറിയാന്‍. അവന്‍ വായിക്കുന്ന നേരത്ത് labor room -ന്റെ മുന്നില്‍ നിക്കുന്ന ഒരു ഭര്‍ത്താവിന്റെ നിസ്സഹായതയും ടെന്‍ഷനും ഒക്കെ ഞാന്‍ അനുഭവിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞ അവന്‍ , "കഥ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചാടി കളിക്കുന്നണ്ടല്ലോ...". എന്ന് പറഞ്ഞപ്പോ, "ഏറ്റൂ, കഥ ഏറ്റൂ" എന്ന് ഞാന്‍ ഉള്ളില്‍ പറഞ്ഞു. പക്ഷെ കഥ വായിച്ചു തീര്‍ന്ന ഗട്ടുസ്സോ ഒട്ടും ആലോചിക്കാതെ പറഞ്ഞു "ഇത് കുച്ച് കുച്ച് ഹോതാ ഹേ ആണല്ലോ.. ഡയലോഗ് ഒക്കെ അതെ പോലെ തന്നെ ".

ഠിം ... ഒറ്റ നിമിഷം കൊണ്ട് എന്റെ കഥാ രചനയുടെ വെടി തീര്‍ന്നു.

വാല്‍കഷ്ണം : കഥ എഴുതി കൊണ്ടിരിക്കുമ്പോള്‍ ആ ഹിന്ദി പടം എന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ആണയിടുന്നു. പക്ഷെ ഗട്ടുസ്സോ പറഞ്ഞതിനുശേഷം ആലോചിച്ചു നോക്കിയപ്പോള്‍ എനിക്ക് മനസിലായി. ഞാന്‍ അറിയാതെ എപ്പോഴോ , ആ പടം അതില്‍ കടന്നു കൂടി എന്ന്.

Tuesday, June 15, 2010

'ശ'കാരം

ഇതിലെ നായകന് മലയാളത്തിലെ "സ" വഴങ്ങില്ല. "സ", "ഷ" എല്ലാം പുള്ളിക്ക് 'ശ'കാരം ആണ്. പക്ഷെ അതിന്റെ അഹങ്കാരം ഒട്ടും കുറവില്ലതാനും. ഒരിക്കല്‍ ഞങ്ങള്‍ സംഘം ചേര്‍ന്ന് ഇദ്ദേഹത്തെ വളഞ്ഞു

ഞങ്ങള്‍ : നീ "മസ്തിഷ്ക ശസ്ത്രക്രിയ" എന്ന് വ്യക്തമായി പറഞ്ഞാല്‍ ഇനി ഞങ്ങള്‍ നിന്നെ ചൊറിയില്ല

അദ്ദേഹം : അങ്ങനെ എന്നെ പറ്റിക്കാം നോക്കേണ്ട മോനെ ...ഇത് പറഞ്ഞാല്‍ പോരേ ... "ബ്രെയിന്‍ ശര്ജരി"

തെലുങ്ക് പടം

കഴിഞ ശനിയാഴ്ച ഞാന്‍ ഉറക്കമുണര്‍ന്നത്‌ ഉണ്ടാപ്രിയുടെ call കിട്ടിയിട്ടാണ്.

ഉണ്ട : എടാ, ഇന്നത്തെ ഹിന്ദുവിന്റെ suppliment നോക്കി hitec theatre -ഇല്‍ ഏതാണ് പടം എന്ന് നോക്കിയേ ?

ഞാന്‍: (പത്രം നോക്കിയിട്ട്) ഏതോ ഒരു തെലുങ്ക് പടം ആണളിയ

ഉണ്ട: അത് എനിക്ക് അറിയാം. ഞാന്‍ ആ പടം ഇപ്പൊ കണ്ടു കൊണ്ടിരിക്കുവാ. അതിന്റെ പേര് അറിയാനാ നിന്നെ വിളിച്ചത്...